2009, ഓഗസ്റ്റ് 31, തിങ്കളാഴ്‌ച

ആശ്രിതവല്സലന്‍

ആശ്രിതവല്സലനായ ഒരു നേതാവുണ്ടായിരുന്നു ഞങ്ങളുടെ ഗ്രാമത്തില്‍. ഗ്രാമവാസികള്‍ അദേഹത്തെ പ്രീതിപ്പെടുത്തി കാര്യങ്ങള്‍ സാധിച്ചുപോന്നു. ഞങ്ങളില്‍ ഒരാള്‍ മാത്രം നേതാവിനെ ഗൌനിക്കാന്‍ മിനക്കെട്ടില്ല. കാര്യങ്ങള്‍ കേട്ടറിഞ്ഞ നേതാവ് അയാളെ തേടിച്ചെന്നു, സ്നേഹം പ്രകടിപ്പിച്ചു. സ്നേഹിച്ച് സ്നേഹിച്ച് അയാളെ നേതാവ് കൊന്നു.

നമ്മള്‍

ഭരണ കക്ഷി യുടെ നേതാവ് പറഞ്ഞു : "ജനങ്ങള്‍ ഞങ്ങള്‍ക്കൊപ്പമാണ്. ഞങ്ങള്‍ രാജി വെക്കില്ല. "
പ്രതിപക്ഷ പാര്‍ടിയുടെ നേതാവ് പറഞ്ഞു:" ഈ സര്‍ക്കാര്‍ രാജിവെച്ചേ മതിയാവൂ. ജനങ്ങള്‍ ഞങ്ങള്‍ ക്കൊപ്പമാണ്. "
നേതാക്കളുടെ പ്രസംഗം കേട്ടുമടങ്ങുകയായിരുന്ന കുട്ടി അച്ഛനോട് ചോദിച്ചു. " അപ്പോള്‍ നമ്മളൊക്കെ ആരാണ് അച്ഛാ? "
അച്ഛന്‍ മറുപടി പറഞ്ഞു: " നമ്മളൊക്കെ വോട്ടര്‍മാര്‍ മാത്രമാണ് മോനേ. തിരഞ്ഞെടുപ്പ്കാലത്തു മാത്രം ആവശ്യമുള്ളവര്‍ ."

2009, ജൂലൈ 10, വെള്ളിയാഴ്‌ച

മഴക്കാലം

മഴ ചാറാന്‍ തുടങ്ങിയതോടെ തവളക്കുഞ്ഞ് സന്തോഷത്തിലായി . അവന്‍ കൂട്ടുകാരെയെല്ലാം വിളിച്ചുവരുത്തി ഉറക്കെ പാടാന്‍ തുടങ്ങി. മഴ കനത്തു വന്നു. ക്രമേണ മഴവെള്ളം ചുവക്കുന്നത് കണ്ടതോടെ അവരെല്ലാം പരിഭ്രമിച്ചു പാട്ടു നിറുത്തി കിണറ്റിലേക്ക് തന്നെ എടുത്തു ചാടി. മഴവെള്ളം നിറഞ്ഞ കിണറും തവളക്കുഞ്ഞുങ്ങളും പൊടുന്നനെ അപ്രത്യക്ഷരായി.

കഥകള്‍

അവര്‍ കുട്ടിക്കാലം മുതല്‍ സ്നേഹിതന്മാര്‍ ആയിരുന്നു. ഒരാള്‍ പുരസ്കാര കമ്മിറ്റി ചെയര്‍മാന്‍ ആയപ്പോള്‍ അപരന്‍ വളരെ സന്തോഷിച്ചു. തനിക്കും കമ്മിറ്റിയില്‍ സ്ഥാനം കിട്ടുമല്ലോ. എന്നാല്‍ തന്നെ തഴഞ്ഞ് മറ്റൊരാളെ കമ്മിറ്റിയില്‍ എടുത്തപ്പോള്‍ അയാള്‍ക്ക് ദുഃഖം തോന്നി . ദുഃഖം പിന്നെ ക്രോധമാവാന്‍ ഏറെ സമയമെടുത്തില്ല. പഴയ കൂട്ടുകാരനെ അപകീര്‍ത്തിപ്പെടുത്താന്‍ പറ്റിയ കഥകള്‍ എഴുതുകയെന്ന സര്ഗാല്മകസൃഷ്ടികര്‍മത്തില്‍ അയാള്‍ അന്നുമുതല്‍ ഏര്‍പ്പെടാന്‍ തുടങ്ങി.

2009, ജൂൺ 13, ശനിയാഴ്‌ച

മുഖാമുഖം

അഭിമുഖത്തിന്‌ വന്ന മാധ്യമ പ്രതിനിധിയോടു കഥാകൃത്തായ എന്റെ സ്നേഹിതന്‍ പറഞ്ഞു: "നമ്മുടെയൊക്കെ ജീവിതം അതീവ സങ്ങ്കീര്നം ആയിരിക്കുന്നു." അഭിമുഖം അവസാനിപ്പിച്ച് മാധ്യമ പ്രവര്‍ത്തകന്‍ പോയപ്പോള്‍ ഞാന്‍ സ്നേഹിതനോട് ചോദിച്ചു." രാവിലെ ഓഫീസില്‍ പോയി കുറച്ചു നേരമിരുന്നു വീട്ടില്‍ തിരിച്ചെത്തി ഉച്ച ഊണ് കഴിച്ചു ഉറങ്ങുന്നു. മാസാവസാനം കനത്ത ശമ്പളം വാങ്ങുന്നു. ഭാര്യക്കും നല്ല ശമ്പളം . സീരിയലുകള്‍ക്ക് കഥയെഴുതി കാശുണ്ടാക്കുന്നു . വലിയ വീടും വിലകൂടിയ കാറും ഒക്കെയായി .. പിന്നെ എവിടെയാണ് സന്കീര്‍ ണത ?"
എന്റെ ചോദ്യം കേട്ടില്ലെന്നു നടിച്ച് അയാള്‍ വാര്‍ത്തകളില്‍ ശ്രദ്ധിച്ച് ഇരുന്നു.

പ്രതികരണം

യുവതലമുറയുടെ പ്രതികരണശേഷിയെക്കുറിച്ചായിരുന്നു ടൌണ്‍ഹാളില്‍ സെമിനാര്‍. സംസാരിച്ചവരെല്ലാം ഇന്നത്തെ യുവാക്കള്‍ പ്രതികരണശേഷി കുറഞ്ഞവര്‍ ആണെന്ന് അഭിപ്രായപ്പെട്ടു. അധ്യക്ഷന്‍ പറഞ്ഞു.:" നിങ്ങള്‍ പ്രതികരിക്കണം , ചിലപ്പോഴൊക്കെ രൂക്ഷമായി തന്നെ."
സെമ്നാര്‍ കഴിഞ്ഞ് ആളുകള്‍ മടങ്ങി. ഒരുസംഘം പാതയോരത്തെ ഹോട്ടലില്‍ കയറി പൊറോട്ടയും ചിക്കന്‍ കറിയും കഴിച്ചു. കാശുചോദിച്ച ഹോട്ടല്‍ ഉടമയുമായി വഴക്കുണ്ടാക്കി. വഴക്ക് മൂത്തപ്പോള്‍ അവര്‍ ഹോട്ടല്‍ തല്ലിപ്പൊളിച്ചു.
അങ്ങനെ പ്രതികരിക്കാന്‍ അറിയാമെന്ന് അവര്‍ പ്രതികരിച്ചു.

2009, ജൂൺ 7, ഞായറാഴ്‌ച

ദാഹം

ഉച്ചയുറക്കത്തില്‍നിന്ന് വിളിച്ച്ഉണര്‍ത്തിയതിനു ക്ഷമ ചോദിച്ച് വാതില്‍ക്കല്‍ നിന്ന കാഷായ വസ്ത്രധാരി മൃദുവായി മൊഴിഞ്ഞു ." ദാഹിക്കുന്നു, ഭഗിനി."
അവള്‍ ചുക്ക് വെള്ളവുമായി ഉമ്മറത്ത്‌ തിരിച്ചെത്തി. പാത്രത്തില്‍ നീട്ടിയ വെള്ളം വാങ്ങാതെ പൊടുന്നനെ അവളുടെ താലിമാല വലിച്ചുപൊട്ടിച്ച് മീനത്തിലെ ഉച്ചചൂടിലേക്ക് അയാള്‍ ബൈക്ക് പറത്തുന്നത് അമ്പരപ്പോടെ നോക്കിനിന്ന അവള്‍ ഉറക്കെ കരയാന്‍ ഒരു നിമിഷം മറന്നു.

2009, ജൂൺ 5, വെള്ളിയാഴ്‌ച

പുതുമുഖം

ഷൂട്ടിംഗ് ലൊക്കെഷനില്‍ അഭിമുഖത്തിന് വന്ന പത്രലേഖകനോട് നടി പറഞ്ഞു.:" ഇതുവരെ ചെയ്തിട്ടില്ലാത്ത അത്ര വ്യത്യസ്തമായ റോള്‍ ആണ് എനിക്ക് ഈ ചിത്രത്തില്‍. വല്ലാത്ത ഒരു ഇന്‍വോള്‍മെന്റ് തോന്നുന്നു. എന്റെ അഭിനയ ജീവിതത്തിലെ ഒരു നാഴികക്കല്ല് ആവും ഈ ചിത്രം. ഒരു ദേശിയ പുരസ്കാരത്തിന് വക ഉണ്ടെന്നാണ്‌ ഡയറക്ടര്‍സാര്‍ പറയുന്നത്."

കഴിഞ്ഞ പതിനാറു ചിത്രങ്ങ്ളിലെയും വേഷങ്ങളെ പറ്റി നടി ഇതുതന്നെയാണ് പറഞ്ഞതെന്ന് അഭിമുഖകാരന് അറിയില്ലായിരുന്നു. കാരണം അയാള്‍ പുതുമുഖമായിരുന്നുവല്ലോ.

വേനല്‍ക്കാലവസതി

കായലോരത്ത് ഒരു വേനല്‍ക്കാലവസതി യൌവനകാലം മുതല്‍ അച്ഛന്റെ മോഹമായിരുന്നു. തീവ്രമായ ഒരു പ്രണയ ബന്ധം പോലെ അച്ഛനത് മരിക്കുന്നത് വരെ നിലനിര്‍ത്തി . വര്‍ഷത്തിലൊരിക്കല്‍ കുടുംബത്തോടൊപ്പം കുറച്ചു ദിവസം അവിടെ താമസിക്കാന്‍ അഛന്‍ മാറ്റിവെച്ചു. അവര്‍ അവിടെ ചെലവഴിച്ച നാളുകളുടെ ചാരുത അമ്മ ആവര്‍ത്തിച്ചിരുന്ന പഴയ കഥകളിലൂടെ അവന്റെ മനസ്സില്‍ തെളിഞ്ഞുവന്നു.

തന്‍റെ മകന്‍ വലുതായി വിവാഹിതന്‍ ആയപ്പോള്‍ മധുവിധു നാളുകള്‍ അവിടെ ആവാമെന്ന് അമ്മയാണ് നിര്‍ദേശിച്ചത്. കായലില്‍ നിന്നു വരുന്ന ശുദ്ധമായ കാറ്റ്, കായല്‍ വെളളത്തില്‍ വീണുകിടക്കുന്ന പൂനിലാവ്‌, പൊരിച്ച കായല്‍മീന്‍ , നല്ലവരായ ഗ്രാമവാസികള്‍ ... നഗരവധുവിനു അയാള്‍ പ്രലോഭനങ്ങള്‍ നല്കി.

ഏറെക്കാലം പൂട്ടിക്കിടന്ന ജനലുകളും വാതിലുകളും അവര്‍ സാന്ധ്യവെളിച്ചത്തിലേയ്ക്കു തുറന്നിട്ടു. പൊടുന്നനെ കായലില്‍നിന്നു അടിച്ചുകയറിയ കാറ്റു മുറിയല്‍ ദുര്‍ഗന്ധം നിറച്ചു. കൊതുകുകളുടെ സംഘങ്ങളുടെ നിറുത്താത്ത ആക്രമണം . കായലോരത്ത് കൂട്ടിയിട്ട ചെറിയ മാലിന്യത്തില്‍ നിന്നു ഉയരുന്ന ചീത്ത ഗന്ധം . കടിപിടി കൂടുന്ന നായ്ക്കളുടെ ഒച്ചകള്‍ . പിന്നെ എന്തൊക്കെയോ അപശബ്ദങ്ങള്‍ . കായലോര വസതിയിലെ ആദ്യരാത്രി തങ്ങള്‍ക്കു വിനയാവുമെന്ന് ഉറപ്പായപ്പോള്‍ ഇരുട്ട് അധികംആവുംമുമ്പു അവര്‍ മടക്കയാത്ര തുടങ്ങി.

2009, ജൂൺ 3, ബുധനാഴ്‌ച

പതിമൂന്നാമന്‍

പന്ത്രണ്ടുപേര്‍ ചേര്ന്നു ഒരു കമ്പനി ഉണ്ടാക്കി. അത് നന്നായി നടന്നു വരികയായിരുന്നു. അതിനിടെ അതില്‍ പങ്കു ചേരണമെന്ന കടുത്ത ആഗ്രഹം പ്രകടിപ്പിച്ച്‌ ഒരു പതിമൂന്നാമന്‍ വന്നു . അയാള്‍ മറ്റുള്ളവരുടെ പിന്നാലെ തന്റെ ആഗ്രഹപൂര്‍ത്തിക്കായി കുറെ നാള്‍ നടന്നു. ഒടുവില്‍ അയാളെ ചേര്‍ത്ത് കമ്പനി വികസിപ്പിച്ചു. താമസിയാതെ തന്‍റെ സ്നേഹിതന്മാര്‍ക്ക് നല്കിയ ഒരു പാര്‍ട്ടിയില്‍ വെച്ച് അയാള്‍ ആഹ്ലാദത്തോടെ പ്രഖ്യാപിച്ചു : ഞാന്‍ ആ കമ്പനി പൊളിച്ചു.

ഔട്ട്സോര്‍സിംഗ്

സ്കൂളില്‍ പഠിക്കുന്ന മകന്‍ കമ്പ്യൂട്ടര്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന അച്ഛനോട് തിരക്കി: നാലാം ക്ലാസ്സിലെ ഹോംവര്‍ക്ക്‌ ഔട്ട്സോര്‍സിംഗ് ചെയ്യുന്ന കമ്പനികള്‍ ഏതെങ്കിലും ഉണ്ടോ അച്ഛാ?

തുടര്‍ക്കഥ

കല്യാണം കഴിഞ്ഞ് പിറ്റേന്നുമുതല്‍ അവര്‍ വഴക്ക് തുടങ്ങി. അയാളുടെ പീഡനങ്ങള്‍ ഏറ്റുവാങ്ങി അവള്‍ തളര്‍ന്നു. ഒടുവില്‍ ഒരു നാള്‍ അവള്‍ മരിച്ചു. സ്നേഹിതരുടെ മുന്നില്‍ അയാള്‍ കുറെ നേരം കരഞ്ഞു. അതൊരു വേനല്‍ക്കാലമായിരുന്നു. അവളുടെ പേരില്‍ അയാള്‍ ഒരു എന്ടോവെമെന്റ്റ് ഉണ്ടാക്കി, കല്യാണമണ്ഡപം പണി കഴിപ്പിച്ചു, കുറികമ്പനി തുടങ്ങി. അങ്ങനെയിരിക്കെ അടുത്ത വേനല്‍ക്കാലം വന്നെത്തി. അപ്പോള്‍ അയാള്‍ പുതിയൊരു കല്യാണം കഴിച്ചു . പിറ്റേന്ന് മുതല്‍ അവര്‍ വഴക്കും തുടങ്ങി.

ശബ്ദതീവ്രത

ഉറക്കെ കരയുന്ന തവളക്കുഞ്ഞിനെ അമ്മ ശബ്ദം താഴ്ത്തി ശാസിച്ചു: " ഒന്നു പതുക്കെ കരയ്. ശബ്ദതീവ്രതയുടെ പേരില്‍ നിയന്ത്രണങ്ങള്‍ വരാന്‍ പോവുന്നു."

2009, ജൂൺ 2, ചൊവ്വാഴ്ച

നേതാവ്

കവലയില്‍ നേതാവിന്റെ പ്രസംഗം ഏറെ നേരം നീണ്ടു . ട്രക്കിലും ബസ്സിലുമായി വന്നെത്തിയ ജനസമുദ്രം ഇരമ്പി. ആവേശത്തോടെ കയ്യടിച്ചു. നേതാവ് എന്തൊക്കെയോ ഉറക്കെയുറക്കെ പ്രഖ്യാപിക്കുകയും ചോദിക്കുകയും ചെയ്യുന്നുണ്ടെന്ന് മാത്രമെ കുട്ടിക്ക് മനസ്സിലായുള്ളൂ. ആള്‍ തിരക്കിനിടയില്‍ കൂട്ടം തെറ്റി പോവാതിരിക്കാന്‍ അവന്‍ അച്ഛന്റെ കൈ മുറുകെ പിടിച്ചു.പ്രസംഗം അവസാനിച്ച് ആളുകള്‍ പിരിഞ്ഞുപോവാന്‍ പിന്നെയും സമയമെടുത്തു. തിരക്കില്‍ നിന്ന് വളരെ പ്രയാസപ്പെട്ടാണ് അവര്‍ പുറത്തു കടന്നത്‌. അച്ഛന്‍റെ കൈ പിടിച്ച് തിടുക്കത്തില്‍ നടക്കുന്നതിനിടെ കുട്ടി മെല്ലെ ചോദിച്ചു: ഇപ്പോള്‍ റേഷന്‍കട അടച്ചിട്ടുണ്ടാവും അല്ലെ അച്ഛാ? . അച്ഛന്‍ മറുപടി പറഞ്ഞില്ല. അവന്‍ മനസ്സില്‍ പറഞ്ഞു. നമുക്കിന്നു രാത്രി ഇരുട്ടത്തിരുന്ന് ഭക്ഷണം കഴിക്കേണ്ടിവരും.

അഗ്നിപര്‍വതം

ആകാശം പര്‍വ്വതത്തിന്റെ കാതില്‍ മൊഴിഞ്ഞു: "മഞ്ഞുകാലമായി. ഈ കൊടും തണുപ്പില്‍ ഇനി നീ പൊട്ടിതെറിക്കുന്നതെങ്ങനെ ?" പര്‍വതം തണുത്തുറഞ്ഞ ലാവയോട് പറഞ്ഞു: " നിനക്കിനി തിളച്ചുഒഴുകാന്‍ ആവില്ല." ലാവ ആഗാധതയിലെ അഗ്നിയോടു സങ്കടപ്പെട്ടു:" ഇനി നിനക്കൊരിക്കലും എന്നെ ചൂട്പിടിപ്പിക്കാനാവില്ല. " പര്‍വതം നിസ്സഹായതോടെ താഴ്വാരങ്ങളെ നോക്കി.

കടല്‍

തിരക്ക്ഒഴിഞ്ഞ കടല്‍ തീരം . ശാന്തമായ കടല്‍. മണലിലൂടെ അലസയായി അയാള്‍ക്കൊപ്പം അവള്‍ നടന്നു. മറൈന്‍ ഡ്രൈവില്‍ പണി പൂര്‍ത്തിയായിവരുന്ന ബഹുനിലകെട്ടിടത്തെ പറ്റിയാണ് അയാള്‍ കുറച്ചു മുമ്പു പറഞ്ഞുകൊണ്ടിരുന്നത് . ഇപ്പോള്‍ വിദേശ രാജ്യങ്ങളിലേക്ക് പുഷ്പങ്ങള്‍ കയറ്റിഅയക്കല്‍ ചെയ്യുന്നതിനെക്കുറിച്ച്‌ . അവള്‍ എല്ലാം മൂളികേള്‍ക്കുന്നുണ്ടായിരുന്നു. ഇടക്ക് വെച്ച് എപ്പോഴോ അവള്‍ മൂളാന്‍ മറന്നു. അവര്ക്കിടയില്‍ കടല്‍ കലുഷിതമായി .

2009, ജൂൺ 1, തിങ്കളാഴ്‌ച

ചെറിയ/വലിയ മനുഷ്യര്‍

കുട്ടി അച്ഛനോട് ചോദിച്ചു: വലിയ കാര്യങ്ങള്‍ പറയുകയും ചെറിയകാര്യങ്ങള്‍ ചെയ്യുകയും ചെയ്യുന്നവരെ എന്ത് പേരാണു വിളിക്കുക?"
അച്ഛനും സംശയമായി. ചെറിയ മനുഷ്യരെന്നോ, വലിയ മനുഷ്യരെന്നോ അതോ ചെറിയ/വലിയ മനുഷ്യരെന്നോ?

വീട് കത്തുന്നു

ഉറക്കത്തില്‍ നിന്നു വിളിച്ചുണര്‍ത്തി ഭാര്യ അയാളോട് പറഞ്ഞു: "നോക്കു, അയല്‍ക്കാരന്റെ വീടിനു തീപ്പിടിച്ചിരിക്കുന്നു. കുറെ ആളുകള്‍ കൂടി തീയണക്കാന്‍ നോക്കുന്നുണ്ട് . ഓടിച്ചെന്ന് അവരെ ഒന്ന്‌ അവരെ സഹായിക്കാന്‍ നോക്കു."
അയാള്‍ വേണ്ടെന്നു തലയാട്ടി." നേരം പുലരട്ടെ. അവരുടെ വീട് സന്ദര്‍ശിച്ച് ദുഃഖം പ്രകടിപ്പിക്കാം . വേണമെങ്കില്‍ വീട് കത്തിക്കലുകളില്‍ പ്രതിഷേധിച്ചു വൈകുന്നേരം ഒരു യോഗവും ജാഥയും സംഘടിപ്പിക്കാം ".
പുതപ്പു തലവഴി മൂടി അയാള്‍ വീണ്ടും ഉറക്കത്തിലേക്ക് ഊളിയിട്ടു.

നല്ല കുട്ടി

ക്ലാസ്സില്‍ ഇടക്കിടെ സംശയങ്ങള്‍ ചോദിക്കുന്നത് ടീച്ചര്‍ക്ക് തീരെ ഇഷ്ടമില്ലായിരുന്നു. അവര്‍ കുട്ടിയെ ഒറ്റയ്ക്ക് സ്റ്റാഫ്‌ റൂമില്‍ വിളിച്ചുശാസിച്ചു : "നീയൊക്കെ ഷൈന്‍ ചെയ്യാന്‍ വേണ്ടിയാണോ ക്ലാസ്സില്‍ വരുന്നതു? " അന്നുമുതല്‍ കുട്ടി സംശയങ്ങള്‍ ചോദിക്കാതെയായി.
അവള്‍ നല്ല കുട്ടിയാണെന്ന് ടീച്ചര്‍ പറഞ്ഞു.

2009, മേയ് 31, ഞായറാഴ്‌ച

സൌഹൃദം

അവനും ഞാനും ചെറുപ്പം മുതല്‍ സുഹൃത്തുക്കളായിരുന്നു. പെട്ടെന്ന് ഒരു ദിവസം ഞങ്ങള്‍ തമ്മിലുള്ള ഭിന്നതകള്‍ അവന്‍ ചികഞ്ഞെടുത്തു പരിശോധിക്കാന്‍ തുടങ്ങി. അവയോരോന്നും മേശപ്പുറത്ത്‌ വെച്ച് മൈക്രോ സ്കോപ്പില്‍ അവന്‍ പരിശോധിക്കാന്‍ തുടങ്ങിയത് എന്നെ അസ്വസ്ഥനാക്കി. നിങ്ങള്‍ ഞങ്ങള്‍ എന്നും , നിങ്ങള്‍ അങ്ങനെ ചിന്തിക്കുമ്പോള്‍ ഞങ്ങള്‍ക്കങ്ങനെ ചെയ്യേണ്ടി വരുമെന്നൊക്കെ അവന്‍ പറയാന്‍ തുടങ്ങിയത് എന്നെ അമ്പരപ്പിച്ചു. അങ്ങനെ അങ്ങനെ ഞങ്ങള്‍ സുഹൃത്തുക്കള്‍ അല്ലാതായി .

അന്തകവിത്ത്

ചെടിച്ചട്ടിയിലെ പൂചെടിയോടു കാറ്റു പറഞ്ഞു : " പൂവിടുമ്പോള്‍ നീ കുറച്ചു വിത്തുകള്‍ എനിക്ക് തരിക. ഞാനത് അടിവാരങ്ങളിലെ മണ്ണില്‍ വിതറാം. എത്ര കാലമായെന്നോ ആ മണ്ണ് ഊഷരയായി കഴിയുന്നു."ചെടി ഒന്നും പറയാതെ ചിരിച്ചു നിന്നു. പൂക്കാലമായപ്പോള്‍ കാറ്റ് ചെടിയെ വീണ്ടും ഓര്‍മപ്പെടുത്താന്‍ വന്നു. ചെടി പറഞ്ഞു : " എന്‍റെ വിത്ത് കിട്ടിയിട്ട് ഒരു കാര്യവും ഇല്ല ചെങ്ങാതി . ഞാന്‍ അന്തകവിത്തില്‍ നിന്നാണ് പിറന്നത്‌ ."കാറ്റ് ഭയത്തോടെ കരയുന്നത് കേട്ട് ഭൂമിയും ഉറക്കെ കരഞ്ഞു.

മഹാബലി

തിരുവോണദിവസം കമ്പ്യൂട്ടറിന് മുന്നില്‍ തപസ്സു ചെയ്യുന്ന കുട്ടിക്ക് പിന്നില്‍ മഹാബലി ശബ്ദ മുണ്ടാക്കാതെ ചെന്നു നിന്നു. മഹാബലിക്ക് ആശ്ചര്യമായി . എന്റെ പേരിലും ഒരു വെബ് സൈറ്റോ? സ്ക്രീനില്‍ ഉയര്‍ന്നു പൊങ്ങുന്ന ചിത്രങ്ങളുംവാക്കുകളും മഹാബലി ശ്രദ്ധയോടെ നോക്കി ക്കണ്ടു. പൊടുന്നനെ മഹാബലി നിരാശനായി. "എന്തെല്ലാം പൊളി വചനങ്ങള്‍ !" ശബ്ദം തെല്ലുറക്കെ ആയതിനാലാവണം കുട്ടി ഞെട്ടി തിരിഞ്ഞു നോക്കിയത്. അവന്‍ കാണും മുമ്പെ മഹാബലി പുറത്തു കടന്നു.

സൂര്യന്‍

ചെരാതിലെ തിരിനാളം കാറ്റിനോട് കെഞ്ചി. "നീ കുറച്ചു നേരത്ത്തെക്കെങ്ങിലും എന്നെ കത്താന്‍ അനുവദിക്കുക. ഇരുട്ടില്‍ ആരോ കൊളുത്തിവെച്ച ഈ വിളക്കെങ്ങിലുമുണ്ട് എനിക്ക് പകരക്കാരനായി എന്ന് സൂര്യന്‍ സമാധാനിച്ചുകൊള്ളട്ടെ ." കാലത്തിന്റെ ചക്രവര്‍ത്തി പടിഇറങ്ങുന്നതും കാത്ത് കാറ്റ്‌ അക്ഷമനായി മരക്കൊമ്പത്ത് ഇരുന്നു.

അമ്ള മഴ

മീനച്ചൂടില്‍ തളര്‍ന്ന ചെടികളോട് കാറ്റ് പറഞ്ഞു : " മഴ പെയ്യാന്‍ നമുക്കൊരുമിച്ചു പ്രാര്‍ത്ഥിക്കാം ." അവരുടെ സമൂഹ പ്രാര്‍ത്ഥനയുടെ ശബ്ദങ്ങളിലേക്ക്‌ മഴയുടെ അനുഗ്രഹ വര്ഷം ചൊരിഞ്ഞു. ചെടികള്‍ ആഹ്ലാദ ഭരിതരായി . കാറ്റുജേതാവായി ഉയരെ പറന്നു.
കുറെ ദിവസം കഴിഞ്ഞപ്പോള്‍ ചെടികളും പൂക്കളും വാടി ക്കരിഞ്ഞത് കണ്ടു കാറ്റു അമ്പരന്നു. അമ്ളമഴയെപ്പറ്റി കാറ്റു കേട്ടിട്ടില്ലായിരുന്നു.

ലോകം നന്നാക്കുന്നവന്‍

പഠിപ്പില്‍ തീരെ ശ്രദ്ധിക്കാതെ മകന്‍ കൊള്ളരുതാത്ത ആളായി തീരുന്നു എന്ന് അച്ഛന്‍ പരിതപിച്ചു. കോളേജില്‍ പോവാതെ അവന്‍ മുറി അടച്ചു വീട്ടില്‍ തന്നെ ഇരുന്നു. ഇതെന്താണെന്ന് തിരക്കിയ അമ്മയോട് ധ്യാനം ആണെന്ന് അവന്‍ മറുപടി പറഞ്ഞു.
പിന്നെ രാവിലെ പുറത്തിറങ്ങിയാല്‍ രാത്രി വളരെ ഇരുട്ടി മാത്രം വീട്ടില്‍ വരാന്‍ തുടങ്ങി.
ഒരു നാള്‍ ഉറങ്ങാതെ രാത്രി ഏറെ നേരം കാത്തിരുന്ന അച്ഛന്‍ അവനോടു ചോദിച്ചു. "
നീ എവിടെ പോവുന്നു?" മകന്‍ മറുപടി പറഞ്ഞു : " ഞാന്‍ ലോകം നന്നാക്കാന്‍ പോവുകയാണ്." സ്വയം നന്നാവാതെ ലോകം നന്നാക്കുന്നത് എങ്ങനെയെന്നു അറിയാതെ അച്ഛനും അമ്മയും പകച്ച്നിന്നു.

2009, മേയ് 29, വെള്ളിയാഴ്‌ച

ലൈബ്രറി

ലൈബ്രറിയില്‍ ടെലിവിഷന്‍ കൊണ്ടുവന്നു വെച്ചതോടെ കൂടുതല്‍ ആളുകള്‍ ലൈബ്രറിയില്‍ വരാന്‍ തുടങ്ങി. അതോടെ പുസ്തകങ്ങള്‍ ഉറക്കത്തിലായി. ഉറക്കത്തിനിടയില്‍ പേടിസ്വപ്നങ്ങള്‍ കണ്ടു അവ ഞെട്ടിയുണര്‍ന്നു കരഞ്ഞു. ടെലിവിഷന്‍ പരിപാടിക്കിടയിലെ ബഹളമയമായ പരസ്യങ്ങള്‍ക്കിടയില്‍ അവയുടെ പേടി ക്കരച്ചില്‍ ആരും കേട്ടില്ല.

2009, മേയ് 3, ഞായറാഴ്‌ച

പിണക്കം

" പറയാത്ത വാക്കുകളുടെ മഹാ സമുദ്രമുണ്ട്‌ എന്റെ മനസ്സില്‍ ." ഞാന്‍ ഒരിക്കല്‍ അവളോടെ പറഞ്ഞു. പിന്നീടൊരിക്കല്‍ എന്റെ മനസ്സില്‍ നിന്നു പുറത്തേക്ക് തെറിച്ചു വീണ ഒരു വാക്കു കൊത്തിയെടുത്തു തിരിച്ചും മറിച്ചും നോക്കി ഇതില്‍ നിറയെ മുള്ളാനെന്നുപരിഭവിച്ചു അവള്‍ പിണങ്ങി പറന്നു പോയി.

ഐ.ടി വിശേഷങ്ങള്‍

സ്വീഡനില്‍ ഹ്രസ്വകാല ട്രെയിനിങ്ങിനു പോയ അവര്‍ ഒരാഴ്ച ലീവ് എടുത്തു നാട് കാണാന്‍

സമ്മതം ചോദിച്ച് ഇ മെയില് അയച്ചു . മറുപടി ഇ മെയില് ആയി തന്നെ ഉടന്‍ വന്നു. മൂനാഴ്ച നിങ്ങളില്ലാതെ കാര്യങ്ങള്‍ ഇവിടെ നടന്നു വെങ്കില്‍ നിങളില്ലാതെ ഇവിടെ ഇനി കാര്യങ്ങള്‍ നടക്കും . രാത്രിയിലെ ഫ്ലൈറ്റില്‍ തന്നെ അവര്‍ മടങ്ങി.

2009, ഏപ്രിൽ 30, വ്യാഴാഴ്‌ച

കവിത

കവിതയില്‍ കാശില്ല എന്നത് ശരി . കാശില്‍ കവിതയില്ല എന്നതും ശരി . കവിതയില്‍ കവിത ഇല്ലെന്നയാലോ ? ശരിയല്ല . ഒട്ടും ശരിയല്ല.

ഉറുമ്പുകള്‍

"മനുഷ്യര്‍ ഇറാലി  വെള്ളവും ശേഖരിക്കാന്‍ തുടങ്ങിയിട്ടുണ്ടത്രേ . " ഉറുമ്പ് കൂട്ടുകാരിയോട്
പറഞ്ഞു . " അപ്പോള്‍ നമുക്കു മഹാ സമുദ്രങ്ങളും നഷ്ടമാവാന്‍ പോവുന്നു അല്ലേ ?"
അവര്‍ ഒന്നിച്ചു സങ്ങ്കടപ്പെട്ടു .

നിഴല്‍

വെളിച്ചം നിറഞ്ഞ മുറിയില്‍ അയാള്‍ ജേതാവായി . ഞാന്‍ നിഴലുകളെ തോല്പിചിരിക്കുന്നു.അയാള്‍ ഉറക്കെ ചിരിച്ചു. ചിരിയുടെ അലകടലിന്റെ അവസാനത്തില്‍ പണ്ടൊരു കിഴവന്‍ കടല്‍ തിരകളോട് പറഞ്ഞ വാക്കുകള്‍ ചുവരില്‍ ദുര്‍ബലമായിക്കിടന്ന നിഴല്‍ അയാളോട് പതിഞ്ഞ ഒച്ചയില്‍ പറഞ്ഞു.: നിനക്കെന്നെ തോല്‍പ്പിക്കാം പക്ഷെ നശിപ്പിക്കാനാവില്ല അപ്പോള്‍ മുതല്‍ അയാള്‍ ജേതാവല്ലതായി.
..