2009, ജൂൺ 5, വെള്ളിയാഴ്‌ച

വേനല്‍ക്കാലവസതി

കായലോരത്ത് ഒരു വേനല്‍ക്കാലവസതി യൌവനകാലം മുതല്‍ അച്ഛന്റെ മോഹമായിരുന്നു. തീവ്രമായ ഒരു പ്രണയ ബന്ധം പോലെ അച്ഛനത് മരിക്കുന്നത് വരെ നിലനിര്‍ത്തി . വര്‍ഷത്തിലൊരിക്കല്‍ കുടുംബത്തോടൊപ്പം കുറച്ചു ദിവസം അവിടെ താമസിക്കാന്‍ അഛന്‍ മാറ്റിവെച്ചു. അവര്‍ അവിടെ ചെലവഴിച്ച നാളുകളുടെ ചാരുത അമ്മ ആവര്‍ത്തിച്ചിരുന്ന പഴയ കഥകളിലൂടെ അവന്റെ മനസ്സില്‍ തെളിഞ്ഞുവന്നു.

തന്‍റെ മകന്‍ വലുതായി വിവാഹിതന്‍ ആയപ്പോള്‍ മധുവിധു നാളുകള്‍ അവിടെ ആവാമെന്ന് അമ്മയാണ് നിര്‍ദേശിച്ചത്. കായലില്‍ നിന്നു വരുന്ന ശുദ്ധമായ കാറ്റ്, കായല്‍ വെളളത്തില്‍ വീണുകിടക്കുന്ന പൂനിലാവ്‌, പൊരിച്ച കായല്‍മീന്‍ , നല്ലവരായ ഗ്രാമവാസികള്‍ ... നഗരവധുവിനു അയാള്‍ പ്രലോഭനങ്ങള്‍ നല്കി.

ഏറെക്കാലം പൂട്ടിക്കിടന്ന ജനലുകളും വാതിലുകളും അവര്‍ സാന്ധ്യവെളിച്ചത്തിലേയ്ക്കു തുറന്നിട്ടു. പൊടുന്നനെ കായലില്‍നിന്നു അടിച്ചുകയറിയ കാറ്റു മുറിയല്‍ ദുര്‍ഗന്ധം നിറച്ചു. കൊതുകുകളുടെ സംഘങ്ങളുടെ നിറുത്താത്ത ആക്രമണം . കായലോരത്ത് കൂട്ടിയിട്ട ചെറിയ മാലിന്യത്തില്‍ നിന്നു ഉയരുന്ന ചീത്ത ഗന്ധം . കടിപിടി കൂടുന്ന നായ്ക്കളുടെ ഒച്ചകള്‍ . പിന്നെ എന്തൊക്കെയോ അപശബ്ദങ്ങള്‍ . കായലോര വസതിയിലെ ആദ്യരാത്രി തങ്ങള്‍ക്കു വിനയാവുമെന്ന് ഉറപ്പായപ്പോള്‍ ഇരുട്ട് അധികംആവുംമുമ്പു അവര്‍ മടക്കയാത്ര തുടങ്ങി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ