2014, സെപ്റ്റംബർ 6, ശനിയാഴ്‌ച

ഹാപ്പി ബര്ത്ഡേ

ഹാപ്പി  ബര്ത്ഡേ

കഴിഞ്ഞ കൊല്ലം വരെ അവളുടെ പിറന്നാൾ  ആഘോഷം  നഗരത്തിലെ ഫ്ലാറ്റിലായിരുന്നു. കൂട്ടുകാരെയും അച്ഛനമ്മമാരുടെ  സുഹൃത്തുക്കളെയും ക്ഷണിച്ചുവരുത്തി  ഞായറാഴ്ച രാത്രിയിലായിരുന്നു ആഘോഷം. അവളുടെ പേരെഴുതിയ വലിയകേയ്ക്ക് . അതിൽ കുത്തി നിറുത്തി കത്തിച്ചുവെച്ച  കുഞ്ഞു മെഴുകുതിരികൾ . അവയെല്ലാം അവൾ ഊതിക്കെടുത്തുമ്പോൾ  എല്ലാവരും ചേർന്ന്  കൈകൊട്ടി ഉറക്കെ പാടുന്ന : ഹാപ്പി  ബര്ത്ഡേ ......"പിന്നെ ബുഫെ  ഭക്ഷണം . രവ്വേറെ  നീണ്ട  ആഘോഷം.

ഇത്തവണ  നാട്ടിൽ  തറവാട്ടിലെ വീട്ടിൽ  വെച്ചായി  പിറന്നാളാഘോഷം . കത്തിച്ചുവെച്ച  നിലവിളക്കിന്  മുന്നിൽ  നാക്കില വെച്ച് അമ്മമ്മ ചോറും  കറികളും  വിളമ്പി . പിന്നെ അവളുടെ മുന്നിലെ നാക്കിലയിൽ . അപ്പുറവും ഇപ്പുറവും ചെറിയമ്മയുടെ കുട്ടികൾ ഇരുന്നു. വിളക്കിന്   ചുറ്റും  വെള്ളം  തളിച്ച്  അമ്മ  പറഞ്ഞു : "കഴിച്ചോളൂ ." അവൾ പിന്നെയും കഴിക്കാതിരിക്കുന്നത്  കണ്ട്  അമ്മമ്മ  ചോദിച്ചു : " എന്താ മോളെ  കഴിക്കാത്തത് ?"

അവൾ  കാത്തിരിക്കുകയായിരുന്നു. വിളക്കൂതി കെടുത്തുന്നതും , ഹാപ്പി ബര്ത്ഡേ  പാടുന്നതും, സമ്മാനപ്പൊതികളുമായി  അതിഥികൾ  എത്തുന്നതുമൊക്കെ .


2014, സെപ്റ്റംബർ 1, തിങ്കളാഴ്‌ച

ഹർത്താൽ

ഹർത്താൽ :

     ആരോ  ഓർക്കാപുറത്ത്  ആഹ്വാനം ചെയ്ത  ഹർത്താലിൽ  നഗരത്തിലെ അഴിയാത്ത  ഗതാഗതക്കുരുക്ക്  അലിഞ്ഞില്ലാതായി.  ഹര്താലിനെ പറ്റിയുള്ള മുന്നറിവില്ലാതെ  എത്തിപെട്ട  യാത്രക്കാർ  തിടുക്കത്തിൽ നടന്നകന്നതോടെ  തെരുവ്  വിജനമായി .  ചൊവ്വാഴ്ചകളിൽ  അടഞ്ഞു കിടക്കാറുള്ള  തുണിക്കടയുടെ മുൻവശത്ത്  പതിവായി  കത്തികൾ  വില്ക്കാനെത്താറുള്ള ആൾ  നിരാശനായി. വെയിലുനിറഞ്ഞ  പാതയിൽ കണ്ണ്‍  നട്ട് അയാളിരുന്നു.  കുറെ കഴിഞ്ഞപ്പോൾ  തെരുവിന്റെ  അറ്റത്ത്  ഒരാൾ രൂപം  തെളിഞ്ഞു. കച്ചവടക്കാരൻ  പ്രതീക്ഷയോടെ  കാത്തിരുന്നു

     ചൂടിന്റെ കാഠിന്യം  ഒട്ടും ആലോസര പ്പെടുത്തുന്നില്ലെന്ന  നാട്യത്തിൽ  അയാൾ  കുറെ നേരം അങ്ങോട്ടും  ഇങ്ങോട്ടും  നടന്നു. തന്റെ മുന്നിൽ  എത്തുമ്പോൾ  അയാളുടെ  വേഗത കുറയുന്നു എന്ന്  തോന്നിയപ്പോൾ  കച്ചവടക്കാരൻ  തിരക്കി  " എന്താ ചങ്ങാതി, വെയിലത്തഴിച്ചിട്ട  കോഴി പോലെ  ഇങ്ങനെ -" അയ്യാളുടെ   ഫലിതം  നടത്തക്കാരന്  ഇഷ്ട്ടമായി എന്ന് തോന്നുന്നു . അയാൾ  ചിരിച്ചു .
 കച്ചവടക്കാരൻ  ക്ഷണിച്ചു  : " വരൂ ചങ്ങാതി , ഇവിടെ കുറച്ചു നേരം വിശ്രമിക്കാം ."
"എന്നിട്ട് ?"
" നമുക്ക്  എന്തെങ്കിലുമൊക്കെ  സംസാരിച്ചിരിക്കാം ."
" എന്നിട്ട് ? "
" എന്തിനെ പറ്റിയെങ്കിലും  വെറുതെ തര്ക്കിക്കാം ."
" എന്നിട്ട്?"
" തർക്കിച്ച്   തർക്കിച്ച് കോപം  മൂക്കുമ്പോൾ  ഇതിൽ നിന്ന്  ഓരോ കത്തി എടുത്ത്  പരസ്പരം  കുത്തി മരിക്കാം ."
"എന്നിട്ട് ? "
" നാളെ സംസ്ഥാന വ്യാപകമായി ഹര്താലുണ്ടാക്കാം .'

      അത്  ശരിയാണെന്ന് തോന്നിയ അയാൾ  കച്ചവടക്കാരന്റെ മുന്നിൽ  ചമ്രം  പടിഞ്ഞിരുന്നു.  അവർ  തർക്കവിഷയം  ആലോചിച്ചുകൊണ്ടിരിക്കെ  വെയിലിനു പിന്നെയും ചൂട്  കൂടി.


2014, ഓഗസ്റ്റ് 20, ബുധനാഴ്‌ച

കയ്യൊപ്പ്

കയ്യൊപ്പ്

   കുന്നുകളുടെ  നിറുകയിൽ  മിന്നൽ  പിണറിനെ കാത്ത് ഏറെ നേരമായി നില്ക്കുകയായിരുന്നു , ഒറ്റക്കൊരു  മേഘം .

   താൻ സമ്മാനിച്ച  കയ്യൊപ്പോടെ  മേഘം തിടുക്കത്തിൽ  കുന്നിറങ്ങി  മറയുന്ന കാഴ്ച മിന്നൽ  കൌതുകത്തോടെ  നോക്കി നിന്നു . മേഘങ്ങളുടെ  കാട്ടാനക്കൂട്ടങ്ങൾ  തന്റെ നേരെ  ഓടിയടുക്കുന്ന്തു  കാണ്‍കെ  മിന്നൽ പിണറിനു ആവേശമായി.  അതിനിടെ മഴ ആർത്തു പെയ്യാൻ  തുടങ്ങി.


പുതുവര്ഷം

പുതുവര്ഷം

   പാഴ്ചെടികൾ  ധാരാളമായി വളര്ന്നുനിന്നിരുന്ന  സ്ഥലമായിരുന്നു , അത് . നഗരാര്തിയിലെ ചതുപ്പുനിലം . വേനല്ക്കാലത്ത്  നാടോടികൾ  താല്ക്കാലിക  താവളങ്ങൾ തീർത്  അവിടെ പാര്ത്തിരുന്നു.  പിന്നീടവിടെ  മണ്ണിട്ട്‌ നികത്തി  നക്ഷത്ര ഹോട്ടൽ പണിതു. രാത്രി  വെളിച്ചം നിറഞ്ഞു നില്ല്കുന്ന ധാരാളം  മുറികളുള്ള ഒരു ഭീമാകാരകെട്ടിടം.

   രാത്രി ഏറെ വൈകിയാണ് ഹോട്ടലിൽ നിന്ന് പാട്ടും, വാഹനങ്ങളുടെ ഒച്ചയും  ഉറക്കെ ഉയര്ന്നു കേള്ക്കാൻ തുടങ്ങിയത് .  തെല്ലകലെ  വെളിംപറമ്പിൽ  അന്തി ഉറങ്ങുന്നവർക്ക്  നിദ്രാഭംഗം . പുതുതായി  അവിടെ പാര്ക്കാനെത്തിയ കൂട്ടത്തിലെ  കുട്ടി  അച്ഛനോട്  തിരക്കി. " എന്താ  അച്ഛാ  അവിടെ ബഹളം ?"
"പണക്കാരുടെ  പുതുവര്ഷ ആഘോഷമാണ്  മോനെ."
" എന്ന് വെച്ചാൽ ?"
"'പാട്ടും , ഡാൻസും ,  തീറ്റയും  ഒക്കെയായി. പുലരും വരെ ഉണ്ടാവും ."
കുട്ടിക്ക്  ഇനിയും ചോദിച്ചറിയണമെന്നുണ്ടായിരുന്നു . പകേഷ് അച്ഛൻ അപ്പോഴേക്കും നല്ല ഉറക്കത്തിലായിരുന്നു.
പുതുവര്ഷം  ഇങ്ങനെയാണ്  ആഘോഷിക്കേണ്ടതെന്ന് കുട്ടി  മനസ്സില് കുറിച്ചിട്ടു .


2014, ഓഗസ്റ്റ് 15, വെള്ളിയാഴ്‌ച

പിന്നാലെ വന്നവർ

പിന്നാലെ വന്നവർ
അല്ലാപ്പോയ്ഴും  മുമ്പേ നടന്നു  ശീലിച്ചവനായിരുന്നു , ഞാൻ .പിന്നാലെ നടന്നു വരുന്നവരുടെ കാലൊച്ചകൾ  കേള്ക്കുന്നത് അങ്ങനെ എനിക്ക്  ഹരമായി.  പിന്തുടരുന്നവരുടെ  എണ്ണം ക്രമേണ  ലക്ഷം  ലക്ഷമാവുമെന്ന്  ഞാൻ സ്വപനം  കണ്ടു.  എന്നാൽ ഒരു ദിവസം  പൊടുന്നനെ അവരെല്ലാം  എന്നെ മറികടന്ന്  പുതിയൊരു  നേതാവിന്റെ  പിറകെ ധൃതിയിൽ  നടന്നു നീങ്ങുന്നത്‌  എന്നെ ആശങ്കാകുലനാക്കി . പിറകിൽ  കട്ടി കൂടുന്ന ശൂന്യത  എന്നെ ഭയപ്പെടുത്താൻ  തുടങ്ങിയപ്പോൾ  ഞാൻ   ഇടവഴികളിലൂടെ  തിരക്കിട്ട് നടക്കാൻ തുടങ്ങി.  രാജപാതകളിലേക്ക്  എളുപ്പ വഴികളൊന്നു മില്ലെന്നു  മനസ്സ് ഓർമപ്പെടുത്താൻ  തുടങ്ങിയതോടെ ഞാൻ  അസ്വസ്ഥനായി .

2014, ഓഗസ്റ്റ് 14, വ്യാഴാഴ്‌ച

സർവീസ് സ്റ്റോറി

സർവീസ് സ്റ്റോറി
പെൻഷൻ പറ്റി വീട്ടിൽ വന്നതിന്റെ  പിറ്റേന്ന് മുതൽ  അയാൾ ആലോചനയിലായിരുന്നു . ഇന് എന്ത് ചെയ്യണം ? സിവിൽ സർവിസ് പരീക്ഷക്ക്‌  കുട്ടികളെ പരിശീലിപ്പിക്കാനുള്ള  ഒരു സ്ഥാപനം  ടൌണിൽ  തുടങ്ങിയാലോ  എന്നാലോചിച്ചു . അതല്ലെങ്ങിൽ കുറെ വില്ലകൾ  പണിയിച്ചിട്ടു വാടകയ്ക്ക്  കൊടുത്ത്  മിണ്ടാതിരിക്കുക.  അതിനിടയിലാണ്  നിങ്ങള്ക്കൊരു  സർവീസ് സ്റ്റോറി എഴുതിക്കൂടെ എന്ന് ഭാര്യ ചോദിച്ചത്.  ആ ഐഡിയ  അയാൾക്ക്‌ നന്നേ ബോധിച്ചു .  അത് തന്നെ ചെയ്തുകളയാം . അത്യാവശം  എരിവും പുളിയും ചേർത്തൊരു സാധനം. നിറുത്തിപ്പൊരിക്കാൻ പലപ്പോഴായി  മേലുദ്യോഗസ്ഥരായിരുന്ന  നിരവധി പേരുണ്ടല്ലോ, ജീവിച്ചിരിക്കുന്നവരും  മരിച്ചുപോയവരുമായി. പലപ്പോഴായി തന്നെ നിറുത്തിപ്പൊരിച്ചവർ.  മരിച്ചവരെ  പറ്റി  ഗൌരവമുള്ള  ആരോപണങ്ങൾ  ഉന്നയിക്കുകയുമാവം . ഡ്രാഫ്റ്റ്  എഴുതിക്കഴിഞ്ഞാൽ  എഡിറ്ടിങ്ങിനായി ജേർണലിസം പഠിച്ച കുട്ടികളിലാരെയെങ്കിലും  ഏർപ്പാടാക്കാം. അങ്ങനെ അയാൾ  അന്ന് മുതൽ സർവീസ് സ്റ്റോറി എഴുതാൻ  തുടങ്ങി .

2014, ഓഗസ്റ്റ് 13, ബുധനാഴ്‌ച

നട്ടെല്ല്

നട്ടെല്ല് 

പഠിക്കാൻ  അയാൾ മിടുക്കനായിരുന്നു. എല്ലാ വര്ഷവും  സ്കൂളിൽ  ഒന്നാമൻ . വാർഷികത്തിന്   സ്റ്റൈജിൽ കയറി സമ്മാനങ്ങൾ  വാങ്ങുന്നത്  അഭിമാനത്തോടെ  വീട്ടുകാർ വീക്ഷിച്ചു . വീട്ടിലെ സ്വീകരണ മുറിയിലെ ഷോ കെസിൽ  പുരസ്കാരങ്ങൾ നിറയുന്നത്  അവർ സന്തോഷത്തോടെ കണ്ടു.

ഉദ്യോഗസ്ഥനായി തീര്ന്നതോടെ  മേലുദ്യോഗസ്ഥരുടെ മുന്നിൽ അയാൾക്ക്‌ നട്ടെല്ല് കുറേശെ  വളക്കേണ്ടി  വന്നു.  അന്നൊക്കെ ജോലിയിൽ നിന്ന് വിരമിച്ച്‌ വിശ്രമ ജീവിതം നയിക്കുന്ന കാലത്ത് തനിക്ക് പഴയപോലെ  തന്റെ ഗ്രാമ വീഥികളിലൂടെ  നട്ടെല്ല് നിവര്ത്തി  നടക്കാമല്ലോ എന്ന് അയാൾ ആശ്വസിച്ചു .  അതും  ഫലിച്ചില്ല .  നിവര്ത്താനാവാത്ത വിധം തന്റെ  നട്ടെല്ല്  വളഞ്ഞു പോയതായി അയാൾ ദുഖത്തോടെ  മനസ്സിലാക്കി.