2012, മാർച്ച് 7, ബുധനാഴ്‌ച

ബുദ്ധിശക്തി .

മകന് ആവേശം . വിക്കറ്റെടുത്ത കളിക്കാരന്‍ മുഷ്ടിചുരുട്ടി അന്തരീക്ഷത്തില്‍ ചാടിയിടിച്ചു .കളിക്കാരുടെ ആഹ്ലാദആരവങ്ങള്‍ക്കിടയില്‍ വിക്കറ്റ് നഷപ്പെടുത്തിയ ബാറ്റ്സ്മാന്റെ മുഖത്ത് പരന്ന നിരാശ.
" നോക്കൂ അച്ഛാ . ഒരു ബുദ്ധിരാക്ഷസന്റെ തികഞ്ഞ നിയന്ത്രണത്തോടെയുള്ള രോഷപ്രകടനമല്ലേ ആ കണ്ണുകളില്‍ ?"
മകന്‍ പറയുന്നത് മുഴുവന്‍ അച്ഛന് മനസ്സിലാകുന്നുണ്ടായിരുന്നില്ല. അടുത്ത പന്തിനായി അവര്‍ കാത്തിരുന്നു.
അടുത്ത പന്തില്‍ ബാറ്സ്മന്‍ ഒരു സിക്സര്‍ പറത്തി. സ്ക്രീനില്‍ കളിക്കാരന്റെ ക്ലോസ്അപ്പ്‌ . തീക്ഷ്ണ ബുദ്ധിശക്തിയുള്ള ഒരു കളിക്കാരന് മാത്രമേ ഇങ്ങനെയൊക്കെ ബാറ്റുചെയ്യാന്‍ സാധിക്കൂഎന്നു മകന്റെ കമന്റ് .

പത്താംക്ലാസ്സുമുതല്‍ അയ്യെയസ് വരെ ഒന്നാം റാങ്ക് നേടിയ അച്ഛന്‍, ബുദ്ധിശക്തിയുടെ അളവുകോല്‍ മനസ്സിലാക്കാന്‍ കഴിയാതെ അടുത്ത പന്തിനു മുമ്പുള്ള ശബ്ദായമാനമായ ഒരു കൊമേര്‍ഷ്യല്‍ ബ്രൈക്കിനിടെ മിഴിച്ചിരുന്നു.

2012, മാർച്ച് 1, വ്യാഴാഴ്‌ച

ക്ലോണിംഗ് .

ക്ലോണിംഗ് :
തിരുവോണദിവസം നാടുകാണാന്‍ എത്തിയ മഹാബലിയെ കവലയില്‍ ഓണമാഘോഷിച്ചു നിന്ന ഒരു സ്ന്ഘം ആളുകള്‍ വളഞ്ഞു . ഓണത്തിന്റെ ലഹരിയില്‍ ആയിരുന്ന അവര്‍ അദേഹത്തെ നേതാവിന്റെ വീട്ടുമുറ്റത്ത്‌ ഹാജരാക്കി .

ഉച്ചയുറക്കത്തിന്റെ ആലസ്യത്തില്‍ ഉമ്മറത്തെ കസേരയില്‍ ഇരുന്ന നേതാവ് മഹാബലിയെ ഏറെ നേരം സൂക്ഷിച്ചുനോക്കി.
" ഇയാളെ എന്ത് ചെയ്യണം, നേതാവേ ? "
അനുയായികളുടെ അക്ഷമ നേതാവ് മനസ്സിലാക്കുന്നുണ്ടായിരുന്നു.
"ചക്രവര്‍ത്തിമാരുടെ കാലമൊക്കെ കഴിഞ്ഞില്ലേ? ജനായത്ത രീതിയില്‍ ഭൂരിപക്ഷഭിപ്രായം നോക്കി നിങ്ങള്‍ തന്നെ ഒരു തീരുമാനം എടുത്തു എന്നെ അറിയിക്കുക."
നേതാവ് ഉച്ചമയക്കത്തിലേക്കു തിരിച്ചു പോയി. അനുയായികള്‍ ചെറിയ സംഘങ്ങളായി ചര്‍ച്ച തുടങ്ങി. പിന്നീട് സംഘ നേതാക്കള്‍ തമ്മിലുള്ള ചര്‍ച്ച. എല്ലാം കൌതുകത്തോടെ ശ്രദ്ധിച്ചു മഹാബലി ചുമരും ചാരി നിന്നു.
അനുയായികളുടെ തീരുമാനം ഏകപക്ഷീയമായിരുന്നു . അത് ഇങ്ങനെ. സായിപ്പിനെ വരുത്തി ക്ലോണിംഗ് നടത്തിച്ചു ആയിരക്കണക്കിന് മഹാബലിമാരെ സൃഷ്ടിക്കാം . ഓരോ ഗ്രാമത്തിലേക്കും ഓരോന്ന് വീതം . ബാകി വിദേശങ്ങളിലേക്ക് കയറ്റുമതി ചെയ്തു കുറച്ചു വിദേശ നാണ്യം നേടാം. യുദ്ധകാലഅടിസ്ഥാനത്തില്‍ അടുത്ത ഓണത്തിന് മുമ്പായി നടപ്പാക്കേണ്ട ഒരു തീവ്ര യത്ന പരിപാടിയാണ് ഇതെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ജനങ്ങള്‍ ആര്‍ത്തുവിളിച്ചു. നേതാവ് ഉണര്‍ന്നു. ഒന്നും മനസ്സിലാവാതെ മഹാബലി പകച്ചു നിന്നു.