2009, ഓഗസ്റ്റ് 31, തിങ്കളാഴ്‌ച

ആശ്രിതവല്സലന്‍

ആശ്രിതവല്സലനായ ഒരു നേതാവുണ്ടായിരുന്നു ഞങ്ങളുടെ ഗ്രാമത്തില്‍. ഗ്രാമവാസികള്‍ അദേഹത്തെ പ്രീതിപ്പെടുത്തി കാര്യങ്ങള്‍ സാധിച്ചുപോന്നു. ഞങ്ങളില്‍ ഒരാള്‍ മാത്രം നേതാവിനെ ഗൌനിക്കാന്‍ മിനക്കെട്ടില്ല. കാര്യങ്ങള്‍ കേട്ടറിഞ്ഞ നേതാവ് അയാളെ തേടിച്ചെന്നു, സ്നേഹം പ്രകടിപ്പിച്ചു. സ്നേഹിച്ച് സ്നേഹിച്ച് അയാളെ നേതാവ് കൊന്നു.

നമ്മള്‍

ഭരണ കക്ഷി യുടെ നേതാവ് പറഞ്ഞു : "ജനങ്ങള്‍ ഞങ്ങള്‍ക്കൊപ്പമാണ്. ഞങ്ങള്‍ രാജി വെക്കില്ല. "
പ്രതിപക്ഷ പാര്‍ടിയുടെ നേതാവ് പറഞ്ഞു:" ഈ സര്‍ക്കാര്‍ രാജിവെച്ചേ മതിയാവൂ. ജനങ്ങള്‍ ഞങ്ങള്‍ ക്കൊപ്പമാണ്. "
നേതാക്കളുടെ പ്രസംഗം കേട്ടുമടങ്ങുകയായിരുന്ന കുട്ടി അച്ഛനോട് ചോദിച്ചു. " അപ്പോള്‍ നമ്മളൊക്കെ ആരാണ് അച്ഛാ? "
അച്ഛന്‍ മറുപടി പറഞ്ഞു: " നമ്മളൊക്കെ വോട്ടര്‍മാര്‍ മാത്രമാണ് മോനേ. തിരഞ്ഞെടുപ്പ്കാലത്തു മാത്രം ആവശ്യമുള്ളവര്‍ ."