2009, മേയ് 31, ഞായറാഴ്‌ച

സൌഹൃദം

അവനും ഞാനും ചെറുപ്പം മുതല്‍ സുഹൃത്തുക്കളായിരുന്നു. പെട്ടെന്ന് ഒരു ദിവസം ഞങ്ങള്‍ തമ്മിലുള്ള ഭിന്നതകള്‍ അവന്‍ ചികഞ്ഞെടുത്തു പരിശോധിക്കാന്‍ തുടങ്ങി. അവയോരോന്നും മേശപ്പുറത്ത്‌ വെച്ച് മൈക്രോ സ്കോപ്പില്‍ അവന്‍ പരിശോധിക്കാന്‍ തുടങ്ങിയത് എന്നെ അസ്വസ്ഥനാക്കി. നിങ്ങള്‍ ഞങ്ങള്‍ എന്നും , നിങ്ങള്‍ അങ്ങനെ ചിന്തിക്കുമ്പോള്‍ ഞങ്ങള്‍ക്കങ്ങനെ ചെയ്യേണ്ടി വരുമെന്നൊക്കെ അവന്‍ പറയാന്‍ തുടങ്ങിയത് എന്നെ അമ്പരപ്പിച്ചു. അങ്ങനെ അങ്ങനെ ഞങ്ങള്‍ സുഹൃത്തുക്കള്‍ അല്ലാതായി .

അന്തകവിത്ത്

ചെടിച്ചട്ടിയിലെ പൂചെടിയോടു കാറ്റു പറഞ്ഞു : " പൂവിടുമ്പോള്‍ നീ കുറച്ചു വിത്തുകള്‍ എനിക്ക് തരിക. ഞാനത് അടിവാരങ്ങളിലെ മണ്ണില്‍ വിതറാം. എത്ര കാലമായെന്നോ ആ മണ്ണ് ഊഷരയായി കഴിയുന്നു."ചെടി ഒന്നും പറയാതെ ചിരിച്ചു നിന്നു. പൂക്കാലമായപ്പോള്‍ കാറ്റ് ചെടിയെ വീണ്ടും ഓര്‍മപ്പെടുത്താന്‍ വന്നു. ചെടി പറഞ്ഞു : " എന്‍റെ വിത്ത് കിട്ടിയിട്ട് ഒരു കാര്യവും ഇല്ല ചെങ്ങാതി . ഞാന്‍ അന്തകവിത്തില്‍ നിന്നാണ് പിറന്നത്‌ ."കാറ്റ് ഭയത്തോടെ കരയുന്നത് കേട്ട് ഭൂമിയും ഉറക്കെ കരഞ്ഞു.

മഹാബലി

തിരുവോണദിവസം കമ്പ്യൂട്ടറിന് മുന്നില്‍ തപസ്സു ചെയ്യുന്ന കുട്ടിക്ക് പിന്നില്‍ മഹാബലി ശബ്ദ മുണ്ടാക്കാതെ ചെന്നു നിന്നു. മഹാബലിക്ക് ആശ്ചര്യമായി . എന്റെ പേരിലും ഒരു വെബ് സൈറ്റോ? സ്ക്രീനില്‍ ഉയര്‍ന്നു പൊങ്ങുന്ന ചിത്രങ്ങളുംവാക്കുകളും മഹാബലി ശ്രദ്ധയോടെ നോക്കി ക്കണ്ടു. പൊടുന്നനെ മഹാബലി നിരാശനായി. "എന്തെല്ലാം പൊളി വചനങ്ങള്‍ !" ശബ്ദം തെല്ലുറക്കെ ആയതിനാലാവണം കുട്ടി ഞെട്ടി തിരിഞ്ഞു നോക്കിയത്. അവന്‍ കാണും മുമ്പെ മഹാബലി പുറത്തു കടന്നു.

സൂര്യന്‍

ചെരാതിലെ തിരിനാളം കാറ്റിനോട് കെഞ്ചി. "നീ കുറച്ചു നേരത്ത്തെക്കെങ്ങിലും എന്നെ കത്താന്‍ അനുവദിക്കുക. ഇരുട്ടില്‍ ആരോ കൊളുത്തിവെച്ച ഈ വിളക്കെങ്ങിലുമുണ്ട് എനിക്ക് പകരക്കാരനായി എന്ന് സൂര്യന്‍ സമാധാനിച്ചുകൊള്ളട്ടെ ." കാലത്തിന്റെ ചക്രവര്‍ത്തി പടിഇറങ്ങുന്നതും കാത്ത് കാറ്റ്‌ അക്ഷമനായി മരക്കൊമ്പത്ത് ഇരുന്നു.

അമ്ള മഴ

മീനച്ചൂടില്‍ തളര്‍ന്ന ചെടികളോട് കാറ്റ് പറഞ്ഞു : " മഴ പെയ്യാന്‍ നമുക്കൊരുമിച്ചു പ്രാര്‍ത്ഥിക്കാം ." അവരുടെ സമൂഹ പ്രാര്‍ത്ഥനയുടെ ശബ്ദങ്ങളിലേക്ക്‌ മഴയുടെ അനുഗ്രഹ വര്ഷം ചൊരിഞ്ഞു. ചെടികള്‍ ആഹ്ലാദ ഭരിതരായി . കാറ്റുജേതാവായി ഉയരെ പറന്നു.
കുറെ ദിവസം കഴിഞ്ഞപ്പോള്‍ ചെടികളും പൂക്കളും വാടി ക്കരിഞ്ഞത് കണ്ടു കാറ്റു അമ്പരന്നു. അമ്ളമഴയെപ്പറ്റി കാറ്റു കേട്ടിട്ടില്ലായിരുന്നു.

ലോകം നന്നാക്കുന്നവന്‍

പഠിപ്പില്‍ തീരെ ശ്രദ്ധിക്കാതെ മകന്‍ കൊള്ളരുതാത്ത ആളായി തീരുന്നു എന്ന് അച്ഛന്‍ പരിതപിച്ചു. കോളേജില്‍ പോവാതെ അവന്‍ മുറി അടച്ചു വീട്ടില്‍ തന്നെ ഇരുന്നു. ഇതെന്താണെന്ന് തിരക്കിയ അമ്മയോട് ധ്യാനം ആണെന്ന് അവന്‍ മറുപടി പറഞ്ഞു.
പിന്നെ രാവിലെ പുറത്തിറങ്ങിയാല്‍ രാത്രി വളരെ ഇരുട്ടി മാത്രം വീട്ടില്‍ വരാന്‍ തുടങ്ങി.
ഒരു നാള്‍ ഉറങ്ങാതെ രാത്രി ഏറെ നേരം കാത്തിരുന്ന അച്ഛന്‍ അവനോടു ചോദിച്ചു. "
നീ എവിടെ പോവുന്നു?" മകന്‍ മറുപടി പറഞ്ഞു : " ഞാന്‍ ലോകം നന്നാക്കാന്‍ പോവുകയാണ്." സ്വയം നന്നാവാതെ ലോകം നന്നാക്കുന്നത് എങ്ങനെയെന്നു അറിയാതെ അച്ഛനും അമ്മയും പകച്ച്നിന്നു.

2009, മേയ് 29, വെള്ളിയാഴ്‌ച

ലൈബ്രറി

ലൈബ്രറിയില്‍ ടെലിവിഷന്‍ കൊണ്ടുവന്നു വെച്ചതോടെ കൂടുതല്‍ ആളുകള്‍ ലൈബ്രറിയില്‍ വരാന്‍ തുടങ്ങി. അതോടെ പുസ്തകങ്ങള്‍ ഉറക്കത്തിലായി. ഉറക്കത്തിനിടയില്‍ പേടിസ്വപ്നങ്ങള്‍ കണ്ടു അവ ഞെട്ടിയുണര്‍ന്നു കരഞ്ഞു. ടെലിവിഷന്‍ പരിപാടിക്കിടയിലെ ബഹളമയമായ പരസ്യങ്ങള്‍ക്കിടയില്‍ അവയുടെ പേടി ക്കരച്ചില്‍ ആരും കേട്ടില്ല.

2009, മേയ് 3, ഞായറാഴ്‌ച

പിണക്കം

" പറയാത്ത വാക്കുകളുടെ മഹാ സമുദ്രമുണ്ട്‌ എന്റെ മനസ്സില്‍ ." ഞാന്‍ ഒരിക്കല്‍ അവളോടെ പറഞ്ഞു. പിന്നീടൊരിക്കല്‍ എന്റെ മനസ്സില്‍ നിന്നു പുറത്തേക്ക് തെറിച്ചു വീണ ഒരു വാക്കു കൊത്തിയെടുത്തു തിരിച്ചും മറിച്ചും നോക്കി ഇതില്‍ നിറയെ മുള്ളാനെന്നുപരിഭവിച്ചു അവള്‍ പിണങ്ങി പറന്നു പോയി.

ഐ.ടി വിശേഷങ്ങള്‍

സ്വീഡനില്‍ ഹ്രസ്വകാല ട്രെയിനിങ്ങിനു പോയ അവര്‍ ഒരാഴ്ച ലീവ് എടുത്തു നാട് കാണാന്‍

സമ്മതം ചോദിച്ച് ഇ മെയില് അയച്ചു . മറുപടി ഇ മെയില് ആയി തന്നെ ഉടന്‍ വന്നു. മൂനാഴ്ച നിങ്ങളില്ലാതെ കാര്യങ്ങള്‍ ഇവിടെ നടന്നു വെങ്കില്‍ നിങളില്ലാതെ ഇവിടെ ഇനി കാര്യങ്ങള്‍ നടക്കും . രാത്രിയിലെ ഫ്ലൈറ്റില്‍ തന്നെ അവര്‍ മടങ്ങി.