2009, ജൂൺ 2, ചൊവ്വാഴ്ച

നേതാവ്

കവലയില്‍ നേതാവിന്റെ പ്രസംഗം ഏറെ നേരം നീണ്ടു . ട്രക്കിലും ബസ്സിലുമായി വന്നെത്തിയ ജനസമുദ്രം ഇരമ്പി. ആവേശത്തോടെ കയ്യടിച്ചു. നേതാവ് എന്തൊക്കെയോ ഉറക്കെയുറക്കെ പ്രഖ്യാപിക്കുകയും ചോദിക്കുകയും ചെയ്യുന്നുണ്ടെന്ന് മാത്രമെ കുട്ടിക്ക് മനസ്സിലായുള്ളൂ. ആള്‍ തിരക്കിനിടയില്‍ കൂട്ടം തെറ്റി പോവാതിരിക്കാന്‍ അവന്‍ അച്ഛന്റെ കൈ മുറുകെ പിടിച്ചു.പ്രസംഗം അവസാനിച്ച് ആളുകള്‍ പിരിഞ്ഞുപോവാന്‍ പിന്നെയും സമയമെടുത്തു. തിരക്കില്‍ നിന്ന് വളരെ പ്രയാസപ്പെട്ടാണ് അവര്‍ പുറത്തു കടന്നത്‌. അച്ഛന്‍റെ കൈ പിടിച്ച് തിടുക്കത്തില്‍ നടക്കുന്നതിനിടെ കുട്ടി മെല്ലെ ചോദിച്ചു: ഇപ്പോള്‍ റേഷന്‍കട അടച്ചിട്ടുണ്ടാവും അല്ലെ അച്ഛാ? . അച്ഛന്‍ മറുപടി പറഞ്ഞില്ല. അവന്‍ മനസ്സില്‍ പറഞ്ഞു. നമുക്കിന്നു രാത്രി ഇരുട്ടത്തിരുന്ന് ഭക്ഷണം കഴിക്കേണ്ടിവരും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ