2014, സെപ്റ്റംബർ 1, തിങ്കളാഴ്‌ച

ഹർത്താൽ

ഹർത്താൽ :

     ആരോ  ഓർക്കാപുറത്ത്  ആഹ്വാനം ചെയ്ത  ഹർത്താലിൽ  നഗരത്തിലെ അഴിയാത്ത  ഗതാഗതക്കുരുക്ക്  അലിഞ്ഞില്ലാതായി.  ഹര്താലിനെ പറ്റിയുള്ള മുന്നറിവില്ലാതെ  എത്തിപെട്ട  യാത്രക്കാർ  തിടുക്കത്തിൽ നടന്നകന്നതോടെ  തെരുവ്  വിജനമായി .  ചൊവ്വാഴ്ചകളിൽ  അടഞ്ഞു കിടക്കാറുള്ള  തുണിക്കടയുടെ മുൻവശത്ത്  പതിവായി  കത്തികൾ  വില്ക്കാനെത്താറുള്ള ആൾ  നിരാശനായി. വെയിലുനിറഞ്ഞ  പാതയിൽ കണ്ണ്‍  നട്ട് അയാളിരുന്നു.  കുറെ കഴിഞ്ഞപ്പോൾ  തെരുവിന്റെ  അറ്റത്ത്  ഒരാൾ രൂപം  തെളിഞ്ഞു. കച്ചവടക്കാരൻ  പ്രതീക്ഷയോടെ  കാത്തിരുന്നു

     ചൂടിന്റെ കാഠിന്യം  ഒട്ടും ആലോസര പ്പെടുത്തുന്നില്ലെന്ന  നാട്യത്തിൽ  അയാൾ  കുറെ നേരം അങ്ങോട്ടും  ഇങ്ങോട്ടും  നടന്നു. തന്റെ മുന്നിൽ  എത്തുമ്പോൾ  അയാളുടെ  വേഗത കുറയുന്നു എന്ന്  തോന്നിയപ്പോൾ  കച്ചവടക്കാരൻ  തിരക്കി  " എന്താ ചങ്ങാതി, വെയിലത്തഴിച്ചിട്ട  കോഴി പോലെ  ഇങ്ങനെ -" അയ്യാളുടെ   ഫലിതം  നടത്തക്കാരന്  ഇഷ്ട്ടമായി എന്ന് തോന്നുന്നു . അയാൾ  ചിരിച്ചു .
 കച്ചവടക്കാരൻ  ക്ഷണിച്ചു  : " വരൂ ചങ്ങാതി , ഇവിടെ കുറച്ചു നേരം വിശ്രമിക്കാം ."
"എന്നിട്ട് ?"
" നമുക്ക്  എന്തെങ്കിലുമൊക്കെ  സംസാരിച്ചിരിക്കാം ."
" എന്നിട്ട് ? "
" എന്തിനെ പറ്റിയെങ്കിലും  വെറുതെ തര്ക്കിക്കാം ."
" എന്നിട്ട്?"
" തർക്കിച്ച്   തർക്കിച്ച് കോപം  മൂക്കുമ്പോൾ  ഇതിൽ നിന്ന്  ഓരോ കത്തി എടുത്ത്  പരസ്പരം  കുത്തി മരിക്കാം ."
"എന്നിട്ട് ? "
" നാളെ സംസ്ഥാന വ്യാപകമായി ഹര്താലുണ്ടാക്കാം .'

      അത്  ശരിയാണെന്ന് തോന്നിയ അയാൾ  കച്ചവടക്കാരന്റെ മുന്നിൽ  ചമ്രം  പടിഞ്ഞിരുന്നു.  അവർ  തർക്കവിഷയം  ആലോചിച്ചുകൊണ്ടിരിക്കെ  വെയിലിനു പിന്നെയും ചൂട്  കൂടി.


1 അഭിപ്രായം: