2012 മാർച്ച് 7, ബുധനാഴ്‌ച

ബുദ്ധിശക്തി .

മകന് ആവേശം . വിക്കറ്റെടുത്ത കളിക്കാരന്‍ മുഷ്ടിചുരുട്ടി അന്തരീക്ഷത്തില്‍ ചാടിയിടിച്ചു .കളിക്കാരുടെ ആഹ്ലാദആരവങ്ങള്‍ക്കിടയില്‍ വിക്കറ്റ് നഷപ്പെടുത്തിയ ബാറ്റ്സ്മാന്റെ മുഖത്ത് പരന്ന നിരാശ.
" നോക്കൂ അച്ഛാ . ഒരു ബുദ്ധിരാക്ഷസന്റെ തികഞ്ഞ നിയന്ത്രണത്തോടെയുള്ള രോഷപ്രകടനമല്ലേ ആ കണ്ണുകളില്‍ ?"
മകന്‍ പറയുന്നത് മുഴുവന്‍ അച്ഛന് മനസ്സിലാകുന്നുണ്ടായിരുന്നില്ല. അടുത്ത പന്തിനായി അവര്‍ കാത്തിരുന്നു.
അടുത്ത പന്തില്‍ ബാറ്സ്മന്‍ ഒരു സിക്സര്‍ പറത്തി. സ്ക്രീനില്‍ കളിക്കാരന്റെ ക്ലോസ്അപ്പ്‌ . തീക്ഷ്ണ ബുദ്ധിശക്തിയുള്ള ഒരു കളിക്കാരന് മാത്രമേ ഇങ്ങനെയൊക്കെ ബാറ്റുചെയ്യാന്‍ സാധിക്കൂഎന്നു മകന്റെ കമന്റ് .

പത്താംക്ലാസ്സുമുതല്‍ അയ്യെയസ് വരെ ഒന്നാം റാങ്ക് നേടിയ അച്ഛന്‍, ബുദ്ധിശക്തിയുടെ അളവുകോല്‍ മനസ്സിലാക്കാന്‍ കഴിയാതെ അടുത്ത പന്തിനു മുമ്പുള്ള ശബ്ദായമാനമായ ഒരു കൊമേര്‍ഷ്യല്‍ ബ്രൈക്കിനിടെ മിഴിച്ചിരുന്നു.

2012 മാർച്ച് 1, വ്യാഴാഴ്‌ച

ക്ലോണിംഗ് .

ക്ലോണിംഗ് :
തിരുവോണദിവസം നാടുകാണാന്‍ എത്തിയ മഹാബലിയെ കവലയില്‍ ഓണമാഘോഷിച്ചു നിന്ന ഒരു സ്ന്ഘം ആളുകള്‍ വളഞ്ഞു . ഓണത്തിന്റെ ലഹരിയില്‍ ആയിരുന്ന അവര്‍ അദേഹത്തെ നേതാവിന്റെ വീട്ടുമുറ്റത്ത്‌ ഹാജരാക്കി .

ഉച്ചയുറക്കത്തിന്റെ ആലസ്യത്തില്‍ ഉമ്മറത്തെ കസേരയില്‍ ഇരുന്ന നേതാവ് മഹാബലിയെ ഏറെ നേരം സൂക്ഷിച്ചുനോക്കി.
" ഇയാളെ എന്ത് ചെയ്യണം, നേതാവേ ? "
അനുയായികളുടെ അക്ഷമ നേതാവ് മനസ്സിലാക്കുന്നുണ്ടായിരുന്നു.
"ചക്രവര്‍ത്തിമാരുടെ കാലമൊക്കെ കഴിഞ്ഞില്ലേ? ജനായത്ത രീതിയില്‍ ഭൂരിപക്ഷഭിപ്രായം നോക്കി നിങ്ങള്‍ തന്നെ ഒരു തീരുമാനം എടുത്തു എന്നെ അറിയിക്കുക."
നേതാവ് ഉച്ചമയക്കത്തിലേക്കു തിരിച്ചു പോയി. അനുയായികള്‍ ചെറിയ സംഘങ്ങളായി ചര്‍ച്ച തുടങ്ങി. പിന്നീട് സംഘ നേതാക്കള്‍ തമ്മിലുള്ള ചര്‍ച്ച. എല്ലാം കൌതുകത്തോടെ ശ്രദ്ധിച്ചു മഹാബലി ചുമരും ചാരി നിന്നു.
അനുയായികളുടെ തീരുമാനം ഏകപക്ഷീയമായിരുന്നു . അത് ഇങ്ങനെ. സായിപ്പിനെ വരുത്തി ക്ലോണിംഗ് നടത്തിച്ചു ആയിരക്കണക്കിന് മഹാബലിമാരെ സൃഷ്ടിക്കാം . ഓരോ ഗ്രാമത്തിലേക്കും ഓരോന്ന് വീതം . ബാകി വിദേശങ്ങളിലേക്ക് കയറ്റുമതി ചെയ്തു കുറച്ചു വിദേശ നാണ്യം നേടാം. യുദ്ധകാലഅടിസ്ഥാനത്തില്‍ അടുത്ത ഓണത്തിന് മുമ്പായി നടപ്പാക്കേണ്ട ഒരു തീവ്ര യത്ന പരിപാടിയാണ് ഇതെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ജനങ്ങള്‍ ആര്‍ത്തുവിളിച്ചു. നേതാവ് ഉണര്‍ന്നു. ഒന്നും മനസ്സിലാവാതെ മഹാബലി പകച്ചു നിന്നു.

2009 ഓഗസ്റ്റ് 31, തിങ്കളാഴ്‌ച

ആശ്രിതവല്സലന്‍

ആശ്രിതവല്സലനായ ഒരു നേതാവുണ്ടായിരുന്നു ഞങ്ങളുടെ ഗ്രാമത്തില്‍. ഗ്രാമവാസികള്‍ അദേഹത്തെ പ്രീതിപ്പെടുത്തി കാര്യങ്ങള്‍ സാധിച്ചുപോന്നു. ഞങ്ങളില്‍ ഒരാള്‍ മാത്രം നേതാവിനെ ഗൌനിക്കാന്‍ മിനക്കെട്ടില്ല. കാര്യങ്ങള്‍ കേട്ടറിഞ്ഞ നേതാവ് അയാളെ തേടിച്ചെന്നു, സ്നേഹം പ്രകടിപ്പിച്ചു. സ്നേഹിച്ച് സ്നേഹിച്ച് അയാളെ നേതാവ് കൊന്നു.

നമ്മള്‍

ഭരണ കക്ഷി യുടെ നേതാവ് പറഞ്ഞു : "ജനങ്ങള്‍ ഞങ്ങള്‍ക്കൊപ്പമാണ്. ഞങ്ങള്‍ രാജി വെക്കില്ല. "
പ്രതിപക്ഷ പാര്‍ടിയുടെ നേതാവ് പറഞ്ഞു:" ഈ സര്‍ക്കാര്‍ രാജിവെച്ചേ മതിയാവൂ. ജനങ്ങള്‍ ഞങ്ങള്‍ ക്കൊപ്പമാണ്. "
നേതാക്കളുടെ പ്രസംഗം കേട്ടുമടങ്ങുകയായിരുന്ന കുട്ടി അച്ഛനോട് ചോദിച്ചു. " അപ്പോള്‍ നമ്മളൊക്കെ ആരാണ് അച്ഛാ? "
അച്ഛന്‍ മറുപടി പറഞ്ഞു: " നമ്മളൊക്കെ വോട്ടര്‍മാര്‍ മാത്രമാണ് മോനേ. തിരഞ്ഞെടുപ്പ്കാലത്തു മാത്രം ആവശ്യമുള്ളവര്‍ ."

2009 ജൂലൈ 10, വെള്ളിയാഴ്‌ച

മഴക്കാലം

മഴ ചാറാന്‍ തുടങ്ങിയതോടെ തവളക്കുഞ്ഞ് സന്തോഷത്തിലായി . അവന്‍ കൂട്ടുകാരെയെല്ലാം വിളിച്ചുവരുത്തി ഉറക്കെ പാടാന്‍ തുടങ്ങി. മഴ കനത്തു വന്നു. ക്രമേണ മഴവെള്ളം ചുവക്കുന്നത് കണ്ടതോടെ അവരെല്ലാം പരിഭ്രമിച്ചു പാട്ടു നിറുത്തി കിണറ്റിലേക്ക് തന്നെ എടുത്തു ചാടി. മഴവെള്ളം നിറഞ്ഞ കിണറും തവളക്കുഞ്ഞുങ്ങളും പൊടുന്നനെ അപ്രത്യക്ഷരായി.

കഥകള്‍

അവര്‍ കുട്ടിക്കാലം മുതല്‍ സ്നേഹിതന്മാര്‍ ആയിരുന്നു. ഒരാള്‍ പുരസ്കാര കമ്മിറ്റി ചെയര്‍മാന്‍ ആയപ്പോള്‍ അപരന്‍ വളരെ സന്തോഷിച്ചു. തനിക്കും കമ്മിറ്റിയില്‍ സ്ഥാനം കിട്ടുമല്ലോ. എന്നാല്‍ തന്നെ തഴഞ്ഞ് മറ്റൊരാളെ കമ്മിറ്റിയില്‍ എടുത്തപ്പോള്‍ അയാള്‍ക്ക് ദുഃഖം തോന്നി . ദുഃഖം പിന്നെ ക്രോധമാവാന്‍ ഏറെ സമയമെടുത്തില്ല. പഴയ കൂട്ടുകാരനെ അപകീര്‍ത്തിപ്പെടുത്താന്‍ പറ്റിയ കഥകള്‍ എഴുതുകയെന്ന സര്ഗാല്മകസൃഷ്ടികര്‍മത്തില്‍ അയാള്‍ അന്നുമുതല്‍ ഏര്‍പ്പെടാന്‍ തുടങ്ങി.

2009 ജൂൺ 13, ശനിയാഴ്‌ച

മുഖാമുഖം

അഭിമുഖത്തിന്‌ വന്ന മാധ്യമ പ്രതിനിധിയോടു കഥാകൃത്തായ എന്റെ സ്നേഹിതന്‍ പറഞ്ഞു: "നമ്മുടെയൊക്കെ ജീവിതം അതീവ സങ്ങ്കീര്നം ആയിരിക്കുന്നു." അഭിമുഖം അവസാനിപ്പിച്ച് മാധ്യമ പ്രവര്‍ത്തകന്‍ പോയപ്പോള്‍ ഞാന്‍ സ്നേഹിതനോട് ചോദിച്ചു." രാവിലെ ഓഫീസില്‍ പോയി കുറച്ചു നേരമിരുന്നു വീട്ടില്‍ തിരിച്ചെത്തി ഉച്ച ഊണ് കഴിച്ചു ഉറങ്ങുന്നു. മാസാവസാനം കനത്ത ശമ്പളം വാങ്ങുന്നു. ഭാര്യക്കും നല്ല ശമ്പളം . സീരിയലുകള്‍ക്ക് കഥയെഴുതി കാശുണ്ടാക്കുന്നു . വലിയ വീടും വിലകൂടിയ കാറും ഒക്കെയായി .. പിന്നെ എവിടെയാണ് സന്കീര്‍ ണത ?"
എന്റെ ചോദ്യം കേട്ടില്ലെന്നു നടിച്ച് അയാള്‍ വാര്‍ത്തകളില്‍ ശ്രദ്ധിച്ച് ഇരുന്നു.