2009 ജൂൺ 3, ബുധനാഴ്‌ച

ശബ്ദതീവ്രത

ഉറക്കെ കരയുന്ന തവളക്കുഞ്ഞിനെ അമ്മ ശബ്ദം താഴ്ത്തി ശാസിച്ചു: " ഒന്നു പതുക്കെ കരയ്. ശബ്ദതീവ്രതയുടെ പേരില്‍ നിയന്ത്രണങ്ങള്‍ വരാന്‍ പോവുന്നു."

2009 ജൂൺ 2, ചൊവ്വാഴ്ച

നേതാവ്

കവലയില്‍ നേതാവിന്റെ പ്രസംഗം ഏറെ നേരം നീണ്ടു . ട്രക്കിലും ബസ്സിലുമായി വന്നെത്തിയ ജനസമുദ്രം ഇരമ്പി. ആവേശത്തോടെ കയ്യടിച്ചു. നേതാവ് എന്തൊക്കെയോ ഉറക്കെയുറക്കെ പ്രഖ്യാപിക്കുകയും ചോദിക്കുകയും ചെയ്യുന്നുണ്ടെന്ന് മാത്രമെ കുട്ടിക്ക് മനസ്സിലായുള്ളൂ. ആള്‍ തിരക്കിനിടയില്‍ കൂട്ടം തെറ്റി പോവാതിരിക്കാന്‍ അവന്‍ അച്ഛന്റെ കൈ മുറുകെ പിടിച്ചു.പ്രസംഗം അവസാനിച്ച് ആളുകള്‍ പിരിഞ്ഞുപോവാന്‍ പിന്നെയും സമയമെടുത്തു. തിരക്കില്‍ നിന്ന് വളരെ പ്രയാസപ്പെട്ടാണ് അവര്‍ പുറത്തു കടന്നത്‌. അച്ഛന്‍റെ കൈ പിടിച്ച് തിടുക്കത്തില്‍ നടക്കുന്നതിനിടെ കുട്ടി മെല്ലെ ചോദിച്ചു: ഇപ്പോള്‍ റേഷന്‍കട അടച്ചിട്ടുണ്ടാവും അല്ലെ അച്ഛാ? . അച്ഛന്‍ മറുപടി പറഞ്ഞില്ല. അവന്‍ മനസ്സില്‍ പറഞ്ഞു. നമുക്കിന്നു രാത്രി ഇരുട്ടത്തിരുന്ന് ഭക്ഷണം കഴിക്കേണ്ടിവരും.

അഗ്നിപര്‍വതം

ആകാശം പര്‍വ്വതത്തിന്റെ കാതില്‍ മൊഴിഞ്ഞു: "മഞ്ഞുകാലമായി. ഈ കൊടും തണുപ്പില്‍ ഇനി നീ പൊട്ടിതെറിക്കുന്നതെങ്ങനെ ?" പര്‍വതം തണുത്തുറഞ്ഞ ലാവയോട് പറഞ്ഞു: " നിനക്കിനി തിളച്ചുഒഴുകാന്‍ ആവില്ല." ലാവ ആഗാധതയിലെ അഗ്നിയോടു സങ്കടപ്പെട്ടു:" ഇനി നിനക്കൊരിക്കലും എന്നെ ചൂട്പിടിപ്പിക്കാനാവില്ല. " പര്‍വതം നിസ്സഹായതോടെ താഴ്വാരങ്ങളെ നോക്കി.

കടല്‍

തിരക്ക്ഒഴിഞ്ഞ കടല്‍ തീരം . ശാന്തമായ കടല്‍. മണലിലൂടെ അലസയായി അയാള്‍ക്കൊപ്പം അവള്‍ നടന്നു. മറൈന്‍ ഡ്രൈവില്‍ പണി പൂര്‍ത്തിയായിവരുന്ന ബഹുനിലകെട്ടിടത്തെ പറ്റിയാണ് അയാള്‍ കുറച്ചു മുമ്പു പറഞ്ഞുകൊണ്ടിരുന്നത് . ഇപ്പോള്‍ വിദേശ രാജ്യങ്ങളിലേക്ക് പുഷ്പങ്ങള്‍ കയറ്റിഅയക്കല്‍ ചെയ്യുന്നതിനെക്കുറിച്ച്‌ . അവള്‍ എല്ലാം മൂളികേള്‍ക്കുന്നുണ്ടായിരുന്നു. ഇടക്ക് വെച്ച് എപ്പോഴോ അവള്‍ മൂളാന്‍ മറന്നു. അവര്ക്കിടയില്‍ കടല്‍ കലുഷിതമായി .

2009 ജൂൺ 1, തിങ്കളാഴ്‌ച

ചെറിയ/വലിയ മനുഷ്യര്‍

കുട്ടി അച്ഛനോട് ചോദിച്ചു: വലിയ കാര്യങ്ങള്‍ പറയുകയും ചെറിയകാര്യങ്ങള്‍ ചെയ്യുകയും ചെയ്യുന്നവരെ എന്ത് പേരാണു വിളിക്കുക?"
അച്ഛനും സംശയമായി. ചെറിയ മനുഷ്യരെന്നോ, വലിയ മനുഷ്യരെന്നോ അതോ ചെറിയ/വലിയ മനുഷ്യരെന്നോ?

വീട് കത്തുന്നു

ഉറക്കത്തില്‍ നിന്നു വിളിച്ചുണര്‍ത്തി ഭാര്യ അയാളോട് പറഞ്ഞു: "നോക്കു, അയല്‍ക്കാരന്റെ വീടിനു തീപ്പിടിച്ചിരിക്കുന്നു. കുറെ ആളുകള്‍ കൂടി തീയണക്കാന്‍ നോക്കുന്നുണ്ട് . ഓടിച്ചെന്ന് അവരെ ഒന്ന്‌ അവരെ സഹായിക്കാന്‍ നോക്കു."
അയാള്‍ വേണ്ടെന്നു തലയാട്ടി." നേരം പുലരട്ടെ. അവരുടെ വീട് സന്ദര്‍ശിച്ച് ദുഃഖം പ്രകടിപ്പിക്കാം . വേണമെങ്കില്‍ വീട് കത്തിക്കലുകളില്‍ പ്രതിഷേധിച്ചു വൈകുന്നേരം ഒരു യോഗവും ജാഥയും സംഘടിപ്പിക്കാം ".
പുതപ്പു തലവഴി മൂടി അയാള്‍ വീണ്ടും ഉറക്കത്തിലേക്ക് ഊളിയിട്ടു.

നല്ല കുട്ടി

ക്ലാസ്സില്‍ ഇടക്കിടെ സംശയങ്ങള്‍ ചോദിക്കുന്നത് ടീച്ചര്‍ക്ക് തീരെ ഇഷ്ടമില്ലായിരുന്നു. അവര്‍ കുട്ടിയെ ഒറ്റയ്ക്ക് സ്റ്റാഫ്‌ റൂമില്‍ വിളിച്ചുശാസിച്ചു : "നീയൊക്കെ ഷൈന്‍ ചെയ്യാന്‍ വേണ്ടിയാണോ ക്ലാസ്സില്‍ വരുന്നതു? " അന്നുമുതല്‍ കുട്ടി സംശയങ്ങള്‍ ചോദിക്കാതെയായി.
അവള്‍ നല്ല കുട്ടിയാണെന്ന് ടീച്ചര്‍ പറഞ്ഞു.