2009, ജൂലൈ 10, വെള്ളിയാഴ്‌ച

മഴക്കാലം

മഴ ചാറാന്‍ തുടങ്ങിയതോടെ തവളക്കുഞ്ഞ് സന്തോഷത്തിലായി . അവന്‍ കൂട്ടുകാരെയെല്ലാം വിളിച്ചുവരുത്തി ഉറക്കെ പാടാന്‍ തുടങ്ങി. മഴ കനത്തു വന്നു. ക്രമേണ മഴവെള്ളം ചുവക്കുന്നത് കണ്ടതോടെ അവരെല്ലാം പരിഭ്രമിച്ചു പാട്ടു നിറുത്തി കിണറ്റിലേക്ക് തന്നെ എടുത്തു ചാടി. മഴവെള്ളം നിറഞ്ഞ കിണറും തവളക്കുഞ്ഞുങ്ങളും പൊടുന്നനെ അപ്രത്യക്ഷരായി.

കഥകള്‍

അവര്‍ കുട്ടിക്കാലം മുതല്‍ സ്നേഹിതന്മാര്‍ ആയിരുന്നു. ഒരാള്‍ പുരസ്കാര കമ്മിറ്റി ചെയര്‍മാന്‍ ആയപ്പോള്‍ അപരന്‍ വളരെ സന്തോഷിച്ചു. തനിക്കും കമ്മിറ്റിയില്‍ സ്ഥാനം കിട്ടുമല്ലോ. എന്നാല്‍ തന്നെ തഴഞ്ഞ് മറ്റൊരാളെ കമ്മിറ്റിയില്‍ എടുത്തപ്പോള്‍ അയാള്‍ക്ക് ദുഃഖം തോന്നി . ദുഃഖം പിന്നെ ക്രോധമാവാന്‍ ഏറെ സമയമെടുത്തില്ല. പഴയ കൂട്ടുകാരനെ അപകീര്‍ത്തിപ്പെടുത്താന്‍ പറ്റിയ കഥകള്‍ എഴുതുകയെന്ന സര്ഗാല്മകസൃഷ്ടികര്‍മത്തില്‍ അയാള്‍ അന്നുമുതല്‍ ഏര്‍പ്പെടാന്‍ തുടങ്ങി.